Surah യൂനുസ

മലയാളം

Surah യൂനുസ - Aya count 109

الٓر ۚ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ﴿١﴾

അലിഫ് ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ.

أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍۢ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓاْ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٌۭ مُّبِينٌ ﴿٢﴾

ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു.

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ ﴿٣﴾

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

إِلَيْهِ مَرْجِعُكُمْ جَمِيعًۭا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُاْ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُواْ لَهُمْ شَرَابٌۭ مِّنْ حَمِيمٍۢ وَعَذَابٌ أَلِيمٌۢ بِمَا كَانُواْ يَكْفُرُونَ ﴿٤﴾

അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്‍റെ സത്യവാഗ്ദാനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം പ്രതിഫലം നല്‍കുവാന്‍ വേണ്ടി അവന്‍ സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ അവര്‍ക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമത്രെ അത്‌.

هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءًۭ وَٱلْقَمَرَ نُورًۭا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْءَايَٰتِ لِقَوْمٍۢ يَعْلَمُونَ ﴿٥﴾

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.

إِنَّ فِى ٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَءَايَٰتٍۢ لِّقَوْمٍۢ يَتَّقُونَ ﴿٦﴾

തീര്‍ച്ചയായും രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് പല തെളിവുകളുമുണ്ട്‌.

إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُواْ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّواْ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ ﴿٧﴾

നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ.

أُوْلَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُواْ يَكْسِبُونَ ﴿٨﴾

അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്‌.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ يَهْدِيهِمْ رَبُّهُم بِإِيمَٰنِهِمْ ۖ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ فِى جَنَّٰتِ ٱلنَّعِيمِ ﴿٩﴾

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്‌. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.

دَعْوَىٰهُمْ فِيهَا سُبْحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَٰمٌۭ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿١٠﴾

അതിനകത്ത് അവരുടെ പ്രാര്‍ത്ഥന അല്ലാഹുവേ, നിനക്ക് സ്തോത്രം എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്നായിരിക്കും.

۞ وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَٰنِهِمْ يَعْمَهُونَ ﴿١١﴾

ജനങ്ങള്‍ നേട്ടത്തിന് ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക് ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു.

وَإِذَا مَسَّ ٱلْإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًۭا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّۢ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ ﴿١٢﴾

മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.

وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُواْ ۙ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ وَمَا كَانُواْ لِيُؤْمِنُواْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ﴿١٣﴾

തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ള പല തലമുറകളെയും അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌. വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അവര്‍ വിശ്വസിക്കുകയുണ്ടായില്ല. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്‌.

ثُمَّ جَعَلْنَٰكُمْ خَلَٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ ﴿١٤﴾

പിന്നെ, അവര്‍ക്ക് ശേഷം നിങ്ങളെ നാം ഭൂമിയില്‍ പിന്‍ഗാമികളാക്കി. നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നാം നോക്കുവാന്‍ വേണ്ടി.

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَٰتٍۢ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ ﴿١٥﴾

നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.

قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًۭا مِّن قَبْلِهِۦٓ ۚ أَفَلَا تَعْقِلُونَ ﴿١٦﴾

പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഞാനിത് ഓതികേള്‍പിക്കുകയോ, നിങ്ങളെ അവന്‍ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَٰتِهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ ﴿١٧﴾

അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല.

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ ﴿١٨﴾

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةًۭ وَٰحِدَةًۭ فَٱخْتَلَفُواْ ۚ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ ﴿١٩﴾

മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ.

وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓاْ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ﴿٢٠﴾

അവര്‍ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്‌) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ് (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةًۭ مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌۭ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ ﴿٢١﴾

ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്‍മാര്‍ രേഖപ്പെടുത്തുന്നതാണ്‌; തീര്‍ച്ച.

هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍۢ طَيِّبَةٍۢ وَفَرِحُواْ بِهَا جَآءَتْهَا رِيحٌ عَاصِفٌۭ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍۢ وَظَنُّوٓاْ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ﴿٢٢﴾

അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.

فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٢٣﴾

അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നുഃഏ; മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും (ഭവിക്കുക.) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് (അത് വഴി നിങ്ങള്‍ക്ക് കിട്ടുന്നത്‌) . പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്‌.

إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًۭا فَجَعَلْنَٰهَا حَصِيدًۭا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍۢ يَتَفَكَّرُونَ ﴿٢٤﴾

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.

وَٱللَّهُ يَدْعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ ﴿٢٥﴾

അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

۞ لِّلَّذِينَ أَحْسَنُواْ ٱلْحُسْنَىٰ وَزِيَادَةٌۭ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌۭ وَلَا ذِلَّةٌ ۚ أُوْلَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ ﴿٢٦﴾

സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

وَٱلَّذِينَ كَسَبُواْ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌۭ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍۢ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًۭا مِّنَ ٱلَّيْلِ مُظْلِمًا ۚ أُوْلَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٢٧﴾

തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്‍മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്‍റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُواْ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ﴿٢٨﴾

അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട് ബഹുദൈവവിശ്വാസികളോട് നിങ്ങളും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന് പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്‌.

فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَٰفِلِينَ ﴿٢٩﴾

അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അറിവില്ലാത്തവരായിരുന്നു.

هُنَالِكَ تَبْلُواْ كُلُّ نَفْسٍۢ مَّآ أَسْلَفَتْ ۚ وَرُدُّوٓاْ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُواْ يَفْتَرُونَ ﴿٣٠﴾

അവിടെവെച്ച് ഓരോ ആത്മാവും അത് മുന്‍കൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്‌.

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَٰلُ ۖ فَأَنَّىٰ تُصْرَفُونَ ﴿٣٢﴾

അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്‌?

كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓاْ أَنَّهُمْ لَا يُؤْمِنُونَ ﴿٣٣﴾

അപ്രകാരം ധിക്കാരം കൈക്കൊണ്ടവരുടെ കാര്യത്തില്‍, അവര്‍ വിശ്വസിക്കുകയില്ല എന്നുള്ള നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യമായിരിക്കുന്നു.

قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُاْ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُاْ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ ﴿٣٤﴾

(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌?

قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ ﴿٣٥﴾

(നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്‌. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌?

وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ ﴿٣٦﴾

അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു.

وَمَا كَانَ هَٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَٰلَمِينَ ﴿٣٧﴾

അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്‍റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്‍റെ വിശദീകരണവുമത്രെ അത്‌. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്‌.

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُواْ بِسُورَةٍۢ مِّثْلِهِۦ وَٱدْعُواْ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ﴿٣٨﴾

അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്‌? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

بَلْ كَذَّبُواْ بِمَا لَمْ يُحِيطُواْ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ﴿٣٩﴾

അല്ല, മുഴുവന്‍ വശവും അവര്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവര്‍ക്കു വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്‌. അപ്രകാരം തന്നെയാണ് അവരുടെ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്‌. എന്നിട്ട് ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.

وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ ﴿٤٠﴾

അതില്‍ (ഖുര്‍ആനില്‍) വിശ്വസിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അതില്‍ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. നിന്‍റെ രക്ഷിതാവ് കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.

وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌۭ مِّمَّا تَعْمَلُونَ ﴿٤١﴾

അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്‌.

وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُواْ لَا يَعْقِلُونَ ﴿٤٢﴾

അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ ബധിരന്‍മാരെ - അവര്‍ ചിന്തിക്കാന്‍ ഭാവമില്ലെങ്കിലും -നിനക്ക് കേള്‍പിക്കാന്‍ കഴിയുമോ?

وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُواْ لَا يُبْصِرُونَ ﴿٤٣﴾

അവരുടെ കൂട്ടത്തില്‍ നിന്നെ ഉറ്റുനോക്കുന്ന ചിലരുമുണ്ട്‌. എന്നാല്‍ അന്ധന്‍മാര്‍ക്ക്‌- അവര്‍ കണ്ടറിയാന്‍ ഭാവമില്ലെങ്കിലും- നേര്‍വഴി കാണിക്കുവാന്‍ നിനക്ക് സാധിക്കുമോ?

إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًۭٔا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ ﴿٤٤﴾

തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരവരോട് തന്നെ അനീതി കാണിക്കുന്നു.

وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓاْ إِلَّا سَاعَةًۭ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهْتَدِينَ ﴿٤٥﴾

അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്‌) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യം തിരിച്ചറിയുന്നതുമാണ്‌. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്‍ നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരായതുമില്ല.

وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ ﴿٤٦﴾

(നബിയേ,) അവര്‍ക്കു നാം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷകളില്‍ ചിലത് നാം നിനക്ക് കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്നെ നാം മരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം നമ്മുടെ അടുത്തേക്ക് തന്നെയാണ് അവരുടെ മടക്കം. പിന്നെ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയായിരിക്കും.

وَلِكُلِّ أُمَّةٍۢ رَّسُولٌۭ ۖ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ ﴿٤٧﴾

ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴿٤٨﴾

അവര്‍ (സത്യനിഷേധികള്‍) പറയും: എപ്പോഴാണ് ഈ വാഗ്ദാനം (നിറവേറുന്നത്‌?) (പറയൂ,) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

قُل لَّآ أَمْلِكُ لِنَفْسِى ضَرًّۭا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ ﴿٤٩﴾

(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്‍റെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്‌. അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല.

قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَٰتًا أَوْ نَهَارًۭا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ ﴿٥٠﴾

(നബിയേ,) പറയുക: അല്ലാഹുവിന്‍റെ ശിക്ഷ രാത്രിയോ പകലോ നിങ്ങള്‍ക്ക് വന്നാല്‍ (നിങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന്‌) നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതില്‍ നിന്ന് ഏതു ശിക്ഷയ്ക്കായിരിക്കും കുറ്റവാളികള്‍ ധൃതി കാണിക്കുന്നത്‌?

أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٰٔنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ ﴿٥١﴾

എന്നിട്ട് അത് (ശിക്ഷ) അനുഭവിക്കുമ്പോഴാണോ നിങ്ങളതില്‍ വിശ്വസിക്കുന്നത്‌? (അപ്പോള്‍ നിങ്ങളോട് പറയപ്പെടും:) നിങ്ങള്‍ ഈ ശിക്ഷയ്ക്ക് തിടുക്കം കാണിക്കുന്നവരായിരുന്നല്ലോ. എന്നിട്ട് ഇപ്പോഴാണോ (നിങ്ങളുടെ വിശ്വാസം?)

ثُمَّ قِيلَ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ ﴿٥٢﴾

പിന്നീട് അക്രമകാരികളോട് പറയപ്പെടും: നിങ്ങള്‍ ശാശ്വത ശിക്ഷ ആസ്വദിച്ച് കൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?

۞ وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّۭ ۖ وَمَآ أَنتُم بِمُعْجِزِينَ ﴿٥٣﴾

ഇത് സത്യമാണോ എന്ന് നിന്നോട് അവര്‍ അന്വേഷിക്കുന്നു. പറയുക: അതെ; എന്‍റെ രക്ഷിതാവിനെതന്നെയാണ! തീര്‍ച്ചയായും അത് സത്യം തന്നെയാണ്‌. നിങ്ങള്‍ക്ക് തോല്‍പിച്ചു കളയാനാവില്ല.

وَلَوْ أَنَّ لِكُلِّ نَفْسٍۢ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ ﴿٥٤﴾

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿٥٥﴾

ശ്രദ്ധിക്കുക; തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും ഉള്ളതൊക്കെ അല്ലാഹുവിന്‍റെതാകുന്നു. ശ്രദ്ധിക്കുക; തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ ﴿٥٦﴾

അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.

يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌۭ مِّن رَّبِّكُمْ وَشِفَآءٌۭ لِّمَا فِى ٱلصُّدُورِ وَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ ﴿٥٧﴾

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)

قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌۭ مِّمَّا يَجْمَعُونَ ﴿٥٨﴾

പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍۢ فَجَعَلْتُم مِّنْهُ حَرَامًۭا وَحَلَٰلًۭا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ ﴿٥٩﴾

പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്‌) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്‌) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്‌) അനുവാദം തന്നത്‌? അതല്ല, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കെട്ടിച്ചമയ്ക്കുകയാണോ?

وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ﴿٦٠﴾

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.

وَمَا تَكُونُ فِى شَأْنٍۢ وَمَا تَتْلُواْ مِنْهُ مِن قُرْءَانٍۢ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍۢ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍۢ مُّبِينٍ ﴿٦١﴾

(നബിയേ,) നീ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി (ന്‍റെ ശ്രദ്ധയി) ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ﴿٦٣﴾

വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍

لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿٦٤﴾

അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം.

وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٦٥﴾

(നബിയേ,) അവരുടെ വാക്ക് നിനക്ക് വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴿٦٦﴾

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്‌? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്‌.

هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُواْ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَسْمَعُونَ ﴿٦٧﴾

അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്‌. തീര്‍ച്ചയായും കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

قَالُواْ ٱتَّخَذَ ٱللَّهُ وَلَدًۭا ۗ سُبْحَٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَٰنٍۭ بِهَٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴿٦٨﴾

അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്‌) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?

قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ ﴿٦٩﴾

പറയുക: അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.

مَتَٰعٌۭ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكْفُرُونَ ﴿٧٠﴾

(അവര്‍ക്കുള്ളത്‌) ഇഹലോകത്തെ സുഖാനുഭവമത്രെ. പിന്നെ നമ്മുടെ അടുക്കലേക്കാണ് അവരുടെ മടക്കം. എന്നിട്ട് അവര്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി കഠിനമായ ശിക്ഷ നാം അവര്‍ക്ക് ആസ്വദിപ്പിക്കുന്നതാണ്‌.

۞ وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓاْ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةًۭ ثُمَّ ٱقْضُوٓاْ إِلَىَّ وَلَا تُنظِرُونِ ﴿٧١﴾

(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനങ്ങളേ, എന്‍റെ സാന്നിദ്ധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട് എന്‍റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട.

فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ ﴿٧٢﴾

ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക് പ്രതിഫലം തരേണ്ടത് അല്ലാഹു മാത്രമാകുന്നു. (അല്ലാഹുവിന്‌) കീഴ്പെടുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത് .

فَكَذَّبُوهُ فَنَجَّيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَٰهُمْ خَلَٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ ﴿٧٣﴾

എന്നിട്ട് അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, അവരെ നാം (ഭൂമിയില്‍) പിന്‍ഗാമികളാക്കുകയും ചെയ്തു. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരെ നാം മുക്കിക്കളഞ്ഞു. അപ്പോള്‍ നോക്കൂ; താക്കീത് നല്‍കപ്പെട്ട ആ വിഭാഗത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.

ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَٰتِ فَمَا كَانُواْ لِيُؤْمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ ﴿٧٤﴾

പിന്നെ അദ്ദേഹത്തിനു ശേഷം പല ദൂതന്‍മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത് തെളിവുകളും കൊണ്ട് അവര്‍ ചെന്നു. എന്നാല്‍ മുമ്പ് ഏതൊന്ന് അവര്‍ നിഷേധിച്ചു തള്ളിയോ അതില്‍ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറുണ്ടായിരുന്നില്ല. അതിക്രമകാരികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം നാം മുദ്രവെക്കുന്നു.

ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسْتَكْبَرُواْ وَكَانُواْ قَوْمًۭا مُّجْرِمِينَ ﴿٧٥﴾

പിന്നീട് അവര്‍ക്ക് ശേഷം, നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുത്തേക്ക് മൂസായെയും ഹാറൂനെയും നാം നിയോഗിച്ചു. എന്നാല്‍ അവര്‍ അഹങ്കരിക്കുകയാണ് ചെയ്തത്‌. അവര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു.

فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓاْ إِنَّ هَٰذَا لَسِحْرٌۭ مُّبِينٌۭ ﴿٧٦﴾

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു.

قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ ٱلسَّٰحِرُونَ ﴿٧٧﴾

മൂസാപറഞ്ഞു: സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്‌) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്‌?(യഥാര്‍ത്ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.

قَالُوٓاْ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ ﴿٧٨﴾

അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല.

وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَٰحِرٍ عَلِيمٍۢ ﴿٧٩﴾

ഫിര്‍ഔന്‍ പറഞ്ഞു: എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ട് വരൂ

فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُواْ مَآ أَنتُم مُّلْقُونَ ﴿٨٠﴾

അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ.

فَلَمَّآ أَلْقَوْاْ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ ﴿٨١﴾

അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്‌. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച.

وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ ﴿٨٢﴾

സത്യത്തെ അവന്‍റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതാണ്‌. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി.

فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌۭ مِّن قَوْمِهِۦ عَلَىٰ خَوْفٍۢ مِّن فِرْعَوْنَ وَمَلَإِيْهِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍۢ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ ﴿٨٣﴾

എന്നാല്‍ മൂസായെ തന്‍റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത് തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു.

وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓاْ إِن كُنتُم مُّسْلِمِينَ ﴿٨٤﴾

മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍.

فَقَالُواْ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةًۭ لِّلْقَوْمِ ٱلظَّٰلِمِينَ ﴿٨٥﴾

അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന് ഇരയാക്കരുതേ.

وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَٰفِرِينَ ﴿٨٦﴾

നിന്‍റെ കാരുണ്യം കൊണ്ട് സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.

وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًۭا وَٱجْعَلُواْ بُيُوتَكُمْ قِبْلَةًۭ وَأَقِيمُواْ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴿٨٧﴾

മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൌകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകള്‍ ഖിബ്ലയാക്കുകയും, നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.

وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةًۭ وَأَمْوَٰلًۭا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُواْ حَتَّىٰ يَرَوُاْ ٱلْعَذَابَ ٱلْأَلِيمَ ﴿٨٨﴾

മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്‌.) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ.

قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ ﴿٨٩﴾

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന് പോകരുത്‌.

۞ وَجَٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًۭا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓاْ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ ﴿٩٠﴾

ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്‌) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.

ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ ﴿٩١﴾

(അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത് ?)

فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةًۭ ۚ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ عَنْ ءَايَٰتِنَا لَغَٰفِلُونَ ﴿٩٢﴾

എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.

وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍۢ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخْتَلَفُواْ حَتَّىٰ جَآءَهُمُ ٱلْعِلْمُ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُواْ فِيهِ يَخْتَلِفُونَ ﴿٩٣﴾

തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ് അവര്‍ ഭിന്നിച്ചത്‌. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും.

فَإِن كُنتَ فِى شَكٍّۢ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴿٩٤﴾

ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌.

وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَٰسِرِينَ ﴿٩٥﴾

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ കൂട്ടത്തിലും നീ ആയിപ്പോകരുത്‌. എങ്കില്‍ നീ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ ﴿٩٦﴾

തീര്‍ച്ചയായും ഏതൊരു വിഭാഗത്തിന്‍റെ മേല്‍ നിന്‍റെ രക്ഷിതാവിന്‍റെ വചനം സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ വിശ്വസിക്കുകയില്ല.

وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُاْ ٱلْعَذَابَ ٱلْأَلِيمَ ﴿٩٧﴾

ഏതൊരു തെളിവ് അവര്‍ക്ക് വന്നുകിട്ടിയാലും. വേദനയേറിയ ശിക്ഷ നേരില്‍ കാണുന്നതുവരെ.

فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُواْ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَٰهُمْ إِلَىٰ حِينٍۢ ﴿٩٨﴾

ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്‌? യൂനുസിന്‍റെ ജനത ഒഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു.

وَلَوْ شَآءَ رَبُّكَ لَءَامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤْمِنِينَ ﴿٩٩﴾

നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?

وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ ۚ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ ﴿١٠٠﴾

യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.

قُلِ ٱنظُرُواْ مَاذَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْءَايَٰتُ وَٱلنُّذُرُ عَن قَوْمٍۢ لَّا يُؤْمِنُونَ ﴿١٠١﴾

(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്‌?

فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْاْ مِن قَبْلِهِمْ ۚ قُلْ فَٱنتَظِرُوٓاْ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ﴿١٠٢﴾

അപ്പോള്‍ അവരുടെ മുമ്പ് കഴിഞ്ഞുപോയവരുടെ അനുഭവങ്ങള്‍ പോലുള്ളതല്ലാതെ മറ്റുവല്ലതും അവര്‍ കാത്തിരിക്കുകയാണോ? പറയുക: എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ്‌.

ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُواْ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ ﴿١٠٣﴾

പിന്നീട് നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു.

قُلْ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّۢ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ ﴿١٠٤﴾

പറയുക: ജനങ്ങളേ, എന്‍റെ മതത്തെ സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.

وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ﴿١٠٥﴾

വക്രതയില്ലാത്തവനായിക്കൊണ്ട് നിന്‍റെ മുഖം മതത്തിന് നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.)

وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًۭا مِّنَ ٱلظَّٰلِمِينَ ﴿١٠٦﴾

അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّۢ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍۢ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴿١٠٧﴾

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍۢ ﴿١٠٨﴾

പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.

وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ ۚ وَهُوَ خَيْرُ ٱلْحَٰكِمِينَ ﴿١٠٩﴾

നിനക്ക് സന്ദേശം നല്‍കപ്പെടുന്നതിനെ നീ പിന്തുടരുക. അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ ക്ഷമിക്കുകയും ചെയ്യുക. തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമനത്രെ അവന്‍.