Surah കഹ്ഫ്

മലയാളം

Surah കഹ്ഫ് - Aya count 110

ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ ﴿١﴾

തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.

قَيِّمًۭا لِّيُنذِرَ بَأْسًۭا شَدِيدًۭا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا حَسَنًۭا ﴿٢﴾

ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌.

مَّٰكِثِينَ فِيهِ أَبَدًۭا ﴿٣﴾

അത് (പ്രതിഫലം) അനുഭവിച്ച് കൊണ്ട് അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.

وَيُنذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَدًۭا ﴿٤﴾

അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു.

مَّا لَهُم بِهِۦ مِنْ عِلْمٍۢ وَلَا لِءَابَآئِهِمْ ۚ كَبُرَتْ كَلِمَةًۭ تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًۭا ﴿٥﴾

അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.

فَلَعَلَّكَ بَٰخِعٌۭ نَّفْسَكَ عَلَىٰٓ ءَاثَٰرِهِمْ إِن لَّمْ يُؤْمِنُواْ بِهَٰذَا ٱلْحَدِيثِ أَسَفًا ﴿٦﴾

അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.

إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةًۭ لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًۭا ﴿٧﴾

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.

وَإِنَّا لَجَٰعِلُونَ مَا عَلَيْهَا صَعِيدًۭا جُرُزًا ﴿٨﴾

തീര്‍ച്ചയായും അതിന്‍മേലുള്ളതെല്ലാം നശിപ്പിച്ച് നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്‌.

أَمْ حَسِبْتَ أَنَّ أَصْحَٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُواْ مِنْ ءَايَٰتِنَا عَجَبًا ﴿٩﴾

അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ ?

إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةًۭ وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًۭا ﴿١٠﴾

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.

فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًۭا ﴿١١﴾

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കാതുകള്‍ അടച്ചു (ഉറക്കിക്കളഞ്ഞു)

ثُمَّ بَعَثْنَٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓاْ أَمَدًۭا ﴿١٢﴾

പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു.

نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُواْ بِرَبِّهِمْ وَزِدْنَٰهُمْ هُدًۭى ﴿١٣﴾

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَاْ مِن دُونِهِۦٓ إِلَٰهًۭا ۖ لَّقَدْ قُلْنَآ إِذًۭا شَطَطًا ﴿١٤﴾

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.

هَٰٓؤُلَآءِ قَوْمُنَا ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةًۭ ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَٰنٍۭ بَيِّنٍۢ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا ﴿١٥﴾

ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട് ?

وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓاْ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًۭا ﴿١٦﴾

(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.

۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍۢ مِّنْهُ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّۭا مُّرْشِدًۭا ﴿١٧﴾

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.

وَتَحْسَبُهُمْ أَيْقَاظًۭا وَهُمْ رُقُودٌۭ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌۭ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًۭا وَلَمُلِئْتَ مِنْهُمْ رُعْبًۭا ﴿١٨﴾

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.

وَكَذَٰلِكَ بَعَثْنَٰهُمْ لِيَتَسَآءَلُواْ بَيْنَهُمْ ۚ قَالَ قَآئِلٌۭ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُواْ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍۢ ۚ قَالُواْ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓاْ أَحَدَكُم بِوَرِقِكُمْ هَٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًۭا فَلْيَأْتِكُم بِرِزْقٍۢ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴿١٩﴾

അപ്രകാരം-അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം -നാം അവരെ എഴുന്നേല്‍പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന്‍ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.

إِنَّهُمْ إِن يَظْهَرُواْ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓاْ إِذًا أَبَدًۭا ﴿٢٠﴾

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓاْ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُواْ ٱبْنُواْ عَلَيْهِم بُنْيَٰنًۭا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًۭا ﴿٢١﴾

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.

سَيَقُولُونَ ثَلَٰثَةٌۭ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌۭ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌۭ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌۭ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءًۭ ظَٰهِرًۭا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًۭا ﴿٢٢﴾

അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്‌, നാലാമത്തെത് അവരുടെ നായയാണ് എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത് അവരുടെ നായയാണ് എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.

وَلَا تَقُولَنَّ لِشَاْىْءٍ إِنِّى فَاعِلٌۭ ذَٰلِكَ غَدًا ﴿٢٣﴾

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്‌.

إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَٰذَا رَشَدًۭا ﴿٢٤﴾

അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്‌) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മവരുമ്പോള്‍) നിന്‍റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്‍റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്‍മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക.

وَلَبِثُواْ فِى كَهْفِهِمْ ثَلَٰثَ مِاْئَةٍۢ سِنِينَ وَٱزْدَادُواْ تِسْعًۭا ﴿٢٥﴾

അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു.

قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُواْ ۖ لَهُۥ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًۭا ﴿٢٦﴾

നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്‌) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല.

وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًۭا ﴿٢٧﴾

നിനക്ക് ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًۭا ﴿٢٨﴾

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُواْ يُغَاثُواْ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ﴿٢٩﴾

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴿٣٠﴾

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.

أُوْلَٰٓئِكَ لَهُمْ جَنَّٰتُ عَدْنٍۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَيَلْبَسُونَ ثِيَابًا خُضْرًۭا مِّن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًۭا ﴿٣١﴾

അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്‌. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!

۞ وَٱضْرِبْ لَهُم مَّثَلًۭا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَٰبٍۢ وَحَفَفْنَٰهُمَا بِنَخْلٍۢ وَجَعَلْنَا بَيْنَهُمَا زَرْعًۭا ﴿٣٢﴾

നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി.

كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًۭٔا ۚ وَفَجَّرْنَا خِلَٰلَهُمَا نَهَرًۭا ﴿٣٣﴾

ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.

وَكَانَ لَهُۥ ثَمَرٌۭ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًۭا وَأَعَزُّ نَفَرًۭا ﴿٣٤﴾

അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും.

وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌۭ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدًۭا ﴿٣٥﴾

സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةًۭ وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًۭا مِّنْهَا مُنقَلَبًۭا ﴿٣٦﴾

അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ سَوَّىٰكَ رَجُلًۭا ﴿٣٧﴾

അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?

لَّٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًۭا ﴿٣٨﴾

എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًۭا وَوَلَدًۭا ﴿٣٩﴾

നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.

فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًۭا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًۭا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًۭا زَلَقًا ﴿٤٠﴾

എന്‍റെ രക്ഷിതാവ് എനിക്ക് നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കി എന്ന് വരാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം.

أَوْ يُصْبِحَ مَآؤُهَا غَوْرًۭا فَلَن تَسْتَطِيعَ لَهُۥ طَلَبًۭا ﴿٤١﴾

അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ട് വരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം.

وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًۭا ﴿٤٢﴾

അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്‍റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ പറയുകയും ചെയ്ത്കൊണ്ടിരുന്നു.

وَلَمْ تَكُن لَّهُۥ فِئَةٌۭ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ﴿٤٣﴾

അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നല്‍കുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല.

هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌۭ ثَوَابًۭا وَخَيْرٌ عُقْبًۭا ﴿٤٤﴾

യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ.

وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا ﴿٤٥﴾

(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.

ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌ أَمَلًۭا ﴿٤٦﴾

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.

وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةًۭ وَحَشَرْنَٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًۭا ﴿٤٧﴾

പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്‌) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)

وَعُرِضُواْ عَلَىٰ رَبِّكَ صَفًّۭا لَّقَدْ جِئْتُمُونَا كَمَا خَلَقْنَٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًۭا ﴿٤٨﴾

നിന്‍റെ രക്ഷിതാവിന്‍റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (അന്നവന്‍ പറയും:) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നാം ഒരു നിശ്ചിത സമയം ഏര്‍പെടുത്തുകയേയില്ല എന്ന് നിങ്ങള്‍ ജല്‍പിക്കുകയാണ് ചെയ്തത്‌.

وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةًۭ وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُواْ مَا عَمِلُواْ حَاضِرًۭا ۗ وَلَا يَظْلِمُ رَبُّكَ أَحَدًۭا ﴿٤٩﴾

(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُواْ لِءَادَمَ فَسَجَدُوٓاْ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّٰلِمِينَ بَدَلًۭا ﴿٥٠﴾

നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.

۞ مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًۭا ﴿٥١﴾

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.

وَيَوْمَ يَقُولُ نَادُواْ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُواْ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًۭا ﴿٥٢﴾

എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ എന്ന് അവന്‍ (അല്ലാഹു) പറയുന്ന ദിവസം (ശ്രദ്ധേയമത്രെ.) അപ്പോള്‍ ഇവര്‍ അവരെ വിളിച്ച് നോക്കുന്നതാണ്‌. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശഗര്‍ത്തം ഉണ്ടാക്കുകയും ചെയ്യും.

وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُواْ عَنْهَا مَصْرِفًۭا ﴿٥٣﴾

കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല.

وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍۢ ۚ وَكَانَ ٱلْإِنسَٰنُ أَكْثَرَ شَىْءٍۢ جَدَلًۭا ﴿٥٤﴾

തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓاْ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُواْ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًۭا ﴿٥٥﴾

തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായത് പൂര്‍വ്വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം. അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു.

وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلْبَٰطِلِ لِيُدْحِضُواْ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓاْ ءَايَٰتِى وَمَآ أُنذِرُواْ هُزُوًۭا ﴿٥٦﴾

സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓاْ إِذًا أَبَدًۭا ﴿٥٧﴾

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര (അടപ്പ്‌) വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.

وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌۭ لَّن يَجِدُواْ مِن دُونِهِۦ مَوْئِلًۭا ﴿٥٨﴾

നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല.

وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَٰهُمْ لَمَّا ظَلَمُواْ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًۭا ﴿٥٩﴾

ആ രാജ്യങ്ങള്‍ അക്രമത്തില്‍ ഏര്‍പെട്ടപ്പോള്‍ അവരെ നാം നശിപ്പിച്ച് കളഞ്ഞു. അവരുടെ നാശത്തിന് നാം ഒരു നിശ്ചിത അവധി വെച്ചിട്ടുണ്ട്‌.

وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا ﴿٦٠﴾

മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണേ്ടയിരിക്കും.

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًۭا ﴿٦١﴾

അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്‍റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.

فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًۭا ﴿٦٢﴾

അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.

قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًۭا ﴿٦٣﴾

അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًۭا ﴿٦٤﴾

അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്‌. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കിക്കൊണ്ട് മടങ്ങി.

فَوَجَدَا عَبْدًۭا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةًۭ مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًۭا ﴿٦٥﴾

അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا ﴿٦٦﴾

മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?

قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٦٧﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല.

وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًۭا ﴿٦٨﴾

താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും.?

قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًۭا وَلَآ أَعْصِى لَكَ أَمْرًۭا ﴿٦٩﴾

അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല.

قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا ﴿٧٠﴾

അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്‌: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത് വരെ.

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًۭا ﴿٧١﴾

തുടര്‍ന്ന് അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്‌.

قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٧٢﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?

قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا ﴿٧٣﴾

അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌.

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًۭا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًۭا زَكِيَّةًۢ بِغَيْرِ نَفْسٍۢ لَّقَدْ جِئْتَ شَيْـًۭٔا نُّكْرًۭا ﴿٧٤﴾

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്‌.

۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٧٥﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്കു എന്‍റെ കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?

قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًۭا ﴿٧٦﴾

മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًۭا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًۭا ﴿٧٧﴾

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍ക്കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.

قَالَ هَٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴿٧٨﴾

അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്‍റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം.

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا ﴿٧٩﴾

എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.

وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًۭا وَكُفْرًۭا ﴿٨٠﴾

എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു.

فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًۭا مِّنْهُ زَكَوٰةًۭ وَأَقْرَبَ رُحْمًۭا ﴿٨١﴾

അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.

وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌۭ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًۭا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةًۭ مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًۭا ﴿٨٢﴾

ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌.

وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُواْ عَلَيْكُم مِّنْهُ ذِكْرًا ﴿٨٣﴾

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.

إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَٰهُ مِن كُلِّ شَىْءٍۢ سَبَبًۭا ﴿٨٤﴾

തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാകാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൌകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു.

فَأَتْبَعَ سَبَبًا ﴿٨٥﴾

അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു.

حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍۢ وَوَجَدَ عِندَهَا قَوْمًۭا ۗ قُلْنَا يَٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًۭا ﴿٨٦﴾

അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.(അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.

قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًۭا نُّكْرًۭا ﴿٨٧﴾

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: എന്നാല്‍ ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്‌. പിന്നീട് അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയും അപ്പോള്‍ അവന്‍ ഗുരുതരമായ ശിക്ഷ അവന്ന് നല്‍കുകയും ചെയ്യുന്നതാണ്‌.

وَأَمَّا مَنْ ءَامَنَ وَعَمِلَ صَٰلِحًۭا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًۭا ﴿٨٨﴾

എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായി രിക്കുകയും ചെയ്യും.

ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾

പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.

حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍۢ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًۭا ﴿٩٠﴾

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല.

كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًۭا ﴿٩١﴾

അപ്രകാരം തന്നെ (അദ്ദേഹം പ്രവര്‍ത്തിച്ചു) അദ്ദേഹത്തിന്‍റെ പക്കലുള്ളതിനെപ്പറ്റി (നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ട് നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട് താനും.

ثُمَّ أَتْبَعَ سَبَبًا ﴿٩٢﴾

പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.

حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًۭا لَّا يَكَادُونَ يَفْقَهُونَ قَوْلًۭا ﴿٩٣﴾

അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.

قَالُواْ يَٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّۭا ﴿٩٤﴾

അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?

قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌۭ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.

ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُواْ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًۭا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًۭا ﴿٩٦﴾

നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ.

فَمَا ٱسْطَٰعُوٓاْ أَن يَظْهَرُوهُ وَمَا ٱسْتَطَٰعُواْ لَهُۥ نَقْبًۭا ﴿٩٧﴾

പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ് - മഅ്ജൂജിന്ന്‌) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല.

قَالَ هَٰذَا رَحْمَةٌۭ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّۭا ﴿٩٨﴾

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.

۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍۢ يَمُوجُ فِى بَعْضٍۢ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَٰهُمْ جَمْعًۭا ﴿٩٩﴾

അന്ന്‌) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്‌. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.

وَعَرَضْنَا جَهَنَّمَ يَوْمَئِذٍۢ لِّلْكَٰفِرِينَ عَرْضًا ﴿١٠٠﴾

അവിശ്വാസികള്‍ക്ക് അന്നേ ദിവസം നാം നരകത്തെ ശരിയാംവണ്ണം കാണിച്ചുകൊടുക്കുന്നതാണ്‌.

ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُواْ لَا يَسْتَطِيعُونَ سَمْعًا ﴿١٠١﴾

എന്‍റെ സന്ദേശത്തിന്‍റെ മുമ്പില്‍ ആരുടെ കണ്ണുകള്‍ക്ക് മൂടിവീണ് പോകുകയും അതുകേട്ട് ഗ്രഹിക്കാന്‍ ആര്‍ക്ക് സാധിക്കാതാവുകയും ചെയ്തിരുന്നുവോ അവരത്രെ(ആ അവിശ്വാസികള്‍) .

أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَٰفِرِينَ نُزُلًۭا ﴿١٠٢﴾

എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.

قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَٰلًا ﴿١٠٣﴾

(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?

ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾

ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَٰمَةِ وَزْنًۭا ﴿١٠٥﴾

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല.

ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِى وَرُسُلِى هُزُوًا ﴿١٠٦﴾

അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا ﴿١٠٧﴾

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.

خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًۭا ﴿١٠٨﴾

അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ട് മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.

قُل لَّوْ كَانَ ٱلْبَحْرُ مِدَادًۭا لِّكَلِمَٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًۭا ﴿١٠٩﴾

(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി.

قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌۭ وَٰحِدٌۭ ۖ فَمَن كَانَ يَرْجُواْ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًۭا صَٰلِحًۭا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا ﴿١١٠﴾

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.